ഫെയ്സ്ബുക്കിന്റെ രാഷ്ട്രീയം


            സമകാലീന വിഷയങ്ങളില്‍ യുവ തലമുറയെ രാഷ്ട്രീയത്തിനതീതമായി ചിന്തിപ്പിക്കുവാനും, തന്നില്‍ ഉറങ്ങി കിടക്കുന്ന സാമൂഹ്യ ബോധത്തെ ഒരു പൊതു ധാരയില്‍ അവതരിപ്പിക്കുവാനും ഫെയ്സ്ബുക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിനു കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു സത്യമാണ്.  അര്‍ഹിക്കുന്നതും ഉപയോഗിക്കുന്നതും ആയ സ്വാതന്ത്ര്യത്തിന്റെ അളവ് കൂടുതലാണോ കുറവാണോ എന്നുള്ള വിശകലനത്തിനുപരി, ഓരോ വിഷയവും തന്റെ  ചിന്താ ധാരയില്‍ ഉണര്‍ത്തുന്ന അഭിപ്രായങ്ങളെ  ഭയമേതു മില്ലാതെ പ്രകടമാക്കുവാന്‍ യുവതലമുറ ശ്രമിക്കുന്നു എന്നുള്ളത് പ്രശംസനീയമാണ്.  ഒരുപക്ഷെ അത് തന്നെ ആവും ലോകമെമ്പാടുമുള്ള ഭരണവര്‍ഗത്തെ ഫെയ്സ്ബൂക്കിനെതിരായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. മൂല്യച്യുതി സംഭവിക്കാതെ അഭിപ്രായ സ്വാംശീകരണവും സംസ്കരണവും നടക്കുന്നുണ്ടെങ്കിലും ഇതിനൊരു ഭയാനകമായ മറുവശം ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.     

  സമൂഹത്തെ ബാധിക്കുന്ന ഓരോ വിഷയങ്ങളിലും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നവരുടെ എണ്ണവും സ്വാധീനവും ഏറി വരികയാണ്. അടുത്ത കാലത്തുണ്ടായ പല വിഷയങ്ങളിലും സോഷ്യല്‍ മീഡിയ ചെലുത്തിയ സ്വാധീനം നാം നേരിട്ട് അനുഭവിച്ചതുമാണ്. ഓരോ വിഷയവും തലനാരിഴ കീറി പരിശോധിക്കുമ്പോഴും നാം കാണാതെ പോകുന്ന അല്ലെങ്കില്‍ നമ്മുടെ സംവാദത്തെ ഒരു തലത്തില്‍ മാത്രം തളച്ചിട്ടു നമ്മെ ബൌദ്ധികമായി നിയന്ത്രിക്കുന്ന ഒരു കാണാചരട് ഇതിനു പിന്നിലില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരിശോധിക്കുമ്പോള്‍ പല ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും എങ്കിലും, മുല്ലപ്പെരിയാര്‍ വിഷയം തന്നെ നമുക്ക് പരിശോധിക്കാം. വളരെ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നതും ഉടനെ ഒരു പരിഹാര മര്ഗ്ഗതിലെതെണ്ടതും ആയ ഒരു വിഷയം ആണ് മുല്ലപ്പെരിയാര്‍ ഡാം. മുല്ലപ്പെരിയാര്‍ ഡാം ഒരുപാട് പഠനങ്ങള്‍ക്ക് ഇതിനകം വിധേയമായിക്കഴിഞ്ഞു. കാലാവധി കഴിഞ്ഞ ഡാം ബാലപ്പെടുത്തുകയോ പുതിയ ഡാം പണിയുകയോ ചെയ്യണം എന്നതാണ് ഒരേ ഒരു പരിഹാര മാര്‍ഗം എന്നത് ആര്‍ക്കും ഊഹിക്കവുന്നത്തെ ഉള്ളു. കേന്ദ്ര സര്‍ക്കാരും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉള്‍പ്പെട്ട കേരളവും തമിഴ്നാടും ഭരിക്കുന്ന സര്‍ക്കാരും കൂടി ഇരുന്നു ചര്‍ച്ച ചെയ്‌താല്‍ തീരാവുന്ന ഈ പ്രശനം ഇപ്പോഴും യാതൊരു തീരുമാനവുമില്ലാതെ നീളുകയാണ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൌനം പോലും നമ്മള്‍ ബുദ്ധിപൂര്‍വ്വം ശ്രദ്ധിക്കണം. കേരളത്തെയും തമിഴ്നാടിനെയും ഒരുപോലെ ആണ് ഇത് ബാധിക്കുന്നത് എന്നിരിക്കിലും ഒരു ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കാന്‍ പോലും പ്രധാനമന്ത്രി തെയ്യാറായിട്ടില്ല   എന്നുള്ളത് വിസ്മരിച്ചു കൂടാ.  
         വ്യക്തമായും മറ്റൊരു അജണ്ട ഇതിനു പിന്നില്‍ ഉണ്ടെന്നു സംശയം ജനിപ്പിക്കുന്നത് അതുകൊണ്ടാണ്. കൂടംകുളം ആണവ റിയാക്ടര്‍ ഇതിനിടയിലേക്ക് കടന്നു വരുന്നത് എന്താണ് ആ അജണ്ട എന്ന് വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍ ആണെങ്കിലും കേരളത്തെയും ബാധിക്കുന്ന ഒരു വിപത്ത് തന്നെ ആണ് കൂടംകുളം പദ്ധതി. ആണവ വികിരിണം എന്താണെന്നും അതിന്റെ അനന്തരഫലം എന്താണെന്നും നമ്മളെക്കാള്‍ വളരെ വികസിത രാജ്യമായ ജപ്പാന്‍ ലോകത്തിനു അടുത്തിടെ കാണിച്ചു തന്നു. എന്നിട്ടും അമേരിക്ക   അടക്കമുള്ള    പാശ്ചാത്യ ശക്തികളുടെ പ്രേരണയാല്‍ അങ്ങിനെ ഒരു ആണവ നിലയം കൂടംകുലത്ത്‌ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുകയാണ്.  അതിനെതിരെ രാജ്യ വ്യാപകമായി ഉണ്ടായ പ്രക്ഷോഭങ്ങളും സമര പരിപാടികളും മുല്ലപ്പെരിയാര്‍ വിഷയത്തിലേക്ക് തിരിച്ചു വിടാനും, കൂടംകുളം വിഷയതെക്കള്‍ വലിയ വിഷയമായി മുല്ലപ്പെരിയാറിനെ ഉയര്‍ത്തിക്കാട്ടി തമിഴനും മലയാളിയും തമ്മിലുള്ള തെരുവ് യുദ്ധം വരെ കൊണ്ടെതിക്കുവാനും അതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് കഴിഞ്ഞു.  മുല്ലപ്പെരിയാറില്‍ ഒരു അപകടം ഉണ്ടായാല്‍ സംഭാവിചെക്കവുന്നത് പോലെ ഭീകരമോ അല്ലെങ്കില്‍ അതിലും ഭയാനകാമോ ആയ ഒരു അവസ്ഥ ആയിരിക്കും കൂടംകുലത്ത്‌ സംഭവിക്കുക. ഒരുപക്ഷെ തലമുറകള്‍ തന്നെ അതിന്റെ ദുരിതം പേറേണ്ടി വരും. ആ പദ്ധതിയുടെ അഭ്യുദയ കാംഷികള്‍ ചേര്‍ന്നൊരുക്കിയ നാടകത്തില്‍ കുറച്ചു നാളതെക്കെങ്കിലും തമിഴനെയും മലയാളിയും ശത്രുക്കളാക്കാനും, തെരുവില്‍ പോര് നടത്തിക്കുവാനും, ആ സമയം കൊണ്ട് കൂടംകുലത്ത്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അവര്‍ക്ക് സാധിച്ചു. 
               ഇതില്‍ നിന്നും  തിരിച്ചറിയേണ്ടുന്ന ഒരു കാര്യം, നാം സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുമ്പോഴും നമ്മെ നാം അറിയാതെ ഉപയോഗപ്പെടുത്തുന്ന ഒരു വിഭാഗം  ഉണ്ടെന്നുള്ളതാണ് . നമ്മുടെ സ്വതന്ത്ര ചിന്താ ശക്തിയെ ബുദ്ധിപൂര്‍വ്വം മേല്‍പ്പറഞ്ഞ രീതിയില്‍ വഴിതിരിച്ചു വിടാന്‍ അവര്‍ക്ക് സാധിക്കും എന്നതും നാം ഉള്‍കൊള്ളണം. മേല്‍പ്പറഞ്ഞത്‌ ഒരു ഉദാഹരണം മാത്രം. സമകാലീന രാഷ്ട്രീയത്തിലും, സാംസ്കാരിക മേഘലയിലും ചര്‍ച്ചകള്‍ വ്യാപരിപ്പിക്കുന്നത് ശ്രദ്ധിച്ചാല്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അവിടെയാണ് ഫയ്സ്ബൂക് പോലുള്ള സോഷ്യല്‍ മീഡിയയുടെ രാഷ്ട്രീയം നാം തിരിച്ചറിയേണ്ടത്. പ്രത്യക്ഷമായി ഒരു രാഷ്ട്രീയവും അടിച്ചേല്‍പ്പിക്കുന്നില്ലെങ്കിലും, നമ്മുടെ  ചിന്തയെയും അഭിപ്രായങ്ങളെയും സ്വാധീനിക്കാന്‍ ഇവയ്ക്കു കഴിയുന്നുണ്ട് എന്നത് ഒരു സത്യമാണ്. 

Comments