വേറിട്ട കാഴ്ചകള്‍

               ഹൃദയസ്പര്‍ശിയായ  ഒരു വീഡിയോ  എന്റെ ഒരു പ്രിയ സുഹൃത്ത്‌ പോസ്റ്റ്‌ ചെയ്തത് കാണാനിടയായി. സ്വന്തം മകനോടൊപ്പം കുറച്ചു അനാഥ ബാല്യങ്ങളെ കൂടി തന്റെ തന്നെ മക്കളായി വളര്‍ത്തുന്ന ദമ്പതികളെ പറ്റിയുള്ള ഒരു ചാനെല്‍ പ്രോഗ്രാം.( http://www.youtube.com/watch?feature=player_embedded&v=V6bQuXmmaW8 ) തികച്ചും വേറിട്ട ഒരു കാഴ്ച സമ്മാനിച്ച ആ പ്രോഗ്രാം കണ്ടു കഴിഞ്ഞപ്പോ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു . ഇത് പോലുള്ള സുമനസ്സുകള്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്നറിയുന്നത്‌ മനസ്സിനൊരു ആശ്വാസമാണ്. ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള നമ്മുടെ ഓട്ടത്തിനിടയില്‍ ഇങ്ങനെ പലതും നാം മനപൂര്‍വം വിസ്മരിക്കുന്നുണ്ടോ എന്ന്  ചിന്തിച്ചു പോകുകയാണ്. നാം ജീവിക്കുന്ന സമൂഹത്തോട് കുറച്ചു കടപ്പാടും ബാധ്യതയും നമുക്കില്ലേ എന്ന്  മറന്നു പോവുന്നോ എന്നൊരു സംശയം. 


                വര്‍ഷങ്ങള്‍ക്കു മുന്‍പ്  ആലുവയിലെ ജനസേവ ശിശു ഭവനിലെ കുട്ടികളോടൊപ്പം ഇരുന്നു പ്രഭാത ഭക്ഷണം കഴിക്കുവാനുള്ള ഒരു അവസരം ലഭിച്ചു. തൊട്ടിലില്‍ കിടക്കുന്ന കൈക്കുഞ്ഞ് മുതല്‍ മുതിര്‍ന്ന കുട്ടികള്‍ വരെ. അവരിലോരുവനായ തമിഴ് ബാലന്‍ മുരുഗനെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മറക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷെ നിങ്ങളും വായിച്ചു കാണും അവന്റെ കഥ മാധ്യമങ്ങളിലൂടെ. തിളച്ച എണ്ണ സ്വന്തം പിതാവ് തന്നെ ദേഹത്ത് കോരി ഒഴിച്ച്  ശരീരമാസകലം പൊള്ളിച്ച നിലയിലുള്ള അവന്റെ ചിത്രങ്ങളും ഒരു പക്ഷെ കണ്ടിരിക്കാം. മരണത്തിന്റെയും വേദനയുടെയും ദൈന്യ ഭാവം അവന്റെ മുഖത്ത്  എന്നോട് സംസാരിക്കുമ്പോ നിഴലിചിരുന്നില്ല. പകരം പുതിയ പ്രതീക്ഷകളുടെയും സ്നേഹത്തിന്റെയും പ്രകാശം അവന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു. ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ജീവിതത്തിലേക്ക് മടങ്ങി വന്നവന്‍. ഉറ്റവര്‍ ആരുമില്ലാത്ത മുരുഗന്‍, പക്ഷെ അവിടെ അവന്‍ സന്തോഷവാനാണ്. അവനെ സ്നേഹിക്കുവാനും അവനു സ്നേഹിക്കുവാനും ഒരുപാട് പേരുള്ള ഒരു തണല്‍ വീടാണ് അവനവിടം. അവരോടോന്നിച്ചുള്ള ആ ഭക്ഷണവും അവരിലൊരാളായി ചിലവഴിച്ച സമയവും ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷങ്ങളാണ്. 

          മറ്റൊരവസരത്തില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന ഒരു ആശ്രമത്തില്‍ പോകുവാനും അവിടത്തെ സഹോദരിമാരെ പരിചയപ്പെടാന്‍ സാധിച്ചതും മറക്കുവാനാവാത്ത ഒരനുഭവം ആണ്.  സ്വപ്നങ്ങള്‍ക്ക് ചിറകു വയ്ക്കുന്ന പ്രായത്തില്‍ ആരോരുമില്ലെന്ന തിരിച്ചറിവുകളോടെ സ്വയം ഒതുങ്ങി കഴിയുന്ന ആ സോദരിമാരെയും അവര്‍ നിര്‍ബന്ധപൂര്‍വ്വം കഴിപ്പിച്ച പായസത്തിന്റെ മധുരവും ഒരിക്കലും മായാതെ മനസ്സിലുണ്ടാവും. ഞങ്ങള്‍ അവിടെ ചെന്നതിന്റെ സന്തോഷം മുഴുവന്‍ പ്രകടിപ്പിച്ചു കൊണ്ട് സംസാരിച്ച അവിടത്തെ അമ്മയില്‍ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി,  ഞാന്‍ അറിയുന്ന പലരും എനിക്ക് മുന്നേ അവിടെ ചെന്നിട്ടുണ്ട്,  വലിയ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. സ്നേഹവും കാരുണ്യവും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നുള്ള തിരിച്ചറിവ്. അതുപോലെ എനിക്ക് പരിചയമുള്ള വിദേശത്ത് ജോലി ചെയ്യുന്ന ഒരു സ്ത്രീ സുഹൃത്ത്‌  വടക്കന്‍ കേരളത്തില്‍ നിന്നുള്ള രണ്ടു കുട്ടികളെ സംരക്ഷിക്കുന്നതും അവരുടെ പഠന ചിലവുകള്‍ വഹിക്കുന്നതും എനിക്കറിയാം. നമ്മില്‍ പലരും ഇത് പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്  എന്ന് ഞാന്‍ തിരിച്ചറിയുന്നു.

        ഒരിക്കല്‍ എന്തോ ആവശ്യത്തിനു ബാങ്കില്‍ ചെന്നപ്പോള്‍ അസിസ്റ്റന്റ്‌ മാനേജര്‍ വിളിച്ചിരുത്തി ഒരു പുതിയ സിസ്ടമാടിക് ഇന്‍വെസ്റ്മെന്റ്റ് പ്ലാനിന്റെ (SIP) വിശദാംശങ്ങള്‍ എന്നോട് പറഞ്ഞു. എന്നെ അതിലേക്കു പ്രേരിപ്പിക്കുന്നതിനിടയില്‍  അദ്ദേഹം പറഞ്ഞ ഒരു കാര്യം, "വിനോദിന്റെ പോക്കറ്റില്‍ 500 രൂപ കുറവുണ്ടായാലോ അധികമുണ്ടായാലോ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. എങ്കില്‍ ആ തുക എന്തുകൊണ്ട് ഇതിലേക്ക് മാറ്റിക്കൂടാ? "  അദ്ദേഹത്തിന്റെ ആ ചോദ്യത്തില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞ സത്യം, നിത്യ ചിലവുകള്‍ക്കിടയില്‍ അധികമായി വരുന്ന ചെറിയ തുകയെല്ലാം എനിക്ക് തന്നെ നിയന്ത്രിക്കാവുന്ന അനാവശ്യ ചിലവുകള്‍ക്കായി പോകുന്നുണ്ട് എന്നുള്ളത്. അത്തരം ചെറിയ തുക മതി, ഒരു അനാഥ ബാല്യത്തിന്റെ ഒരു ദിവസത്തെ അല്ലെങ്കില്‍ ഒരു ആഴ്ചയിലെ അല്ലെങ്കില്‍ ഒരു മാസത്തെ  ഭക്ഷണത്തിന്. നമ്മളില്‍ ഉടലെടുക്കുന്ന ഈ ചിന്ത നാളെ ഒരു വിശക്കുന്ന വയറിനു ആഹാരമാകുകയാനെങ്കില്‍ അതിലും വലിയൊരു പുണ്യ പ്രവര്‍തിയുണ്ടോ? തന്റെതല്ലാത്ത കാരണങ്ങളാല്‍ അനാഥത്വത്തിന്റെ ദുരിതം പേറേണ്ടി വന്ന ബാല്യങ്ങള്‍ക്ക്‌ ഒരിത്തിരി സ്നേഹവും ആഹാരവും നല്‍കാന്‍ നമുക്ക് സാധിച്ചാല്‍ അവരും ജീവിക്കും, ഈശ്വരന്റെ കൃപ കൊണ്ട് ഇതുവരെ നമ്മുടെ സ്നേഹവും വാത്സല്യവും അറിഞ്ഞു ജീവിക്കുന്ന നമ്മുടെ മക്കളെപോലെ.   

Comments