തൊണ്ട വരളുന്നു. എന്തോ ഒരു ഊര്‍ജ്ജം മുന്നോട്ടു നയിക്കുന്നുണ്ട് എന്ന് മാത്രം അറിയാം . എത്രയും വേഗം അവളെ കാണണം. എന്നിട്ട് മരിച്ചാലും വേണ്ടില്ല. അത് നേരത്തെ ഉറപ്പിച്ചതാ. അവള്‍ക്കു മുന്‍പേ പോകണം എന്നത്. അവളില്ലാത്ത ലോകത്ത് ഞാന്‍ എന്തിനു? ആര്‍ക്കു വേണ്ടി ജീവിക്കാന്‍?
തുറന്നു കിടക്കുന്ന ഗേറ്റിലെ പടികള്‍ മല കയറുന്നത് പോലെ കയറി ചെല്ലുമ്പോള്‍ വീടിന്റെ ഉമ്മറത്ത് ആരൊക്കെയോ നില്‍ക്കുന്നുണ്ട്. ഒന്നും വ്യക്തമാവുന്നില്ല. പെരുമ്പറ പോലെ മിടിക്കുന്ന ഹൃദയവുമായി വീടിന്റെ പടികളില്‍ തപ്പി തടഞ്ഞു പായുകയായിരുന്നു അകത്തേയ്ക്ക്. അകത്തു ഭിത്തിയോട് ചെര്ത്തിട്ടിരിക്കുന്ന ദിവാന്‍ കട്ടിലില്‍ അവള്‍ കിടക്കുന്നുണ്ട്. പരിസരം മറന്നു അവളുടെ അടുത്തേക്ക് ഓടുമ്പോ, മറിഞ്ഞു വീണ കസേരയും പൂപാത്രവും എടുത്തു വച്ച് രസിയ ചോദിക്കുന്നുണ്ടായിരുന്നു " ഈ ചാച്ചനു ഇത് എന്ത് പറ്റി, ചേച്ചിയമ്മ ഒന്ന് വീണു കാലു പൊട്ടി എന്ന് പറയുന്നതിന് മുന്നേ ഫോണ്‍ വച്ചു. എന്നിട്ടിതിപ്പോ എന്താ ഈ കാണിക്കുന്നേ ". ചിരിക്കണോ കരയണോ എന്നറിയാത്ത ഒരവസ്ഥ. ദിവാനില്‍ നിന്നും അവളുടെ മുഖം കോരിയെടുത്തു നൂറു വട്ടം ഉമ്മ വയ്ക്കുമ്പോഴും പരിസരം കാണാന്‍ ആവാത്ത വിധം കണ്ണുകള്‍ ഈറനായിരുന്നു. പതിയെ മുണ്ടിന്റെ തല കൊണ്ട് കണ്ണുകള്‍ തുടച്ചു നോക്കുമ്പോ എന്റെ മടിയില്‍ കിടക്കുന്ന അവളുടെ കണ്ണുകള്‍ ധാരയായി ഒഴുകുന്നു. ഒന്ന് ചോദിക്കണം എന്നുണ്ടായിരുന്നു, നിന്റെ ഈ കണ്ണീര്‍ കാലിലെ മുറിവിന്റെ വേദന കൊണ്ടോ? അതോ എന്റെ സ്നേഹം കണ്ടിട്ടോ? വേണ്ട എനിക്കറിയാം കഴിഞ്ഞ മുപ്പത്തി നാല് വര്‍ഷമായി എന്റെ കൂടെ ഉള്ള എന്റെ പ്രണയത്തെ..
Comments
Post a Comment