ഉച്ചയൂണിന്റെ ആലസ്യം കണ്ണുകളെ കുഴയ്ക്കുന്നുന്ടെങ്കിലും M.T യുടെ "കണ്ണാന്തളി പൂക്കളുടെ കാലം" മയക്കത്തെ അകറ്റി നിര്‍ത്തുന്നു. ബാല്യവും കൌമാരവും ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നു വരികള്‍ . ആരോ പറഞ്ഞ പോലെ വരികള്‍ക്കെന്തു സുഗന്ധം. ശരിയാണ് പഴയ ഓര്‍മ്മകള്‍ക്കൊക്കെ നല്ല സുഗന്ധമോ മധുരമോ ആണ്. പക്ഷെ ഇന്നോര്‍ക്കുംബോഴുള്ള മധുരമോന്നും അന്നത്തെ അനുഭവങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഈ പുഴ പോലെ ഒഴുകുകയാണ് കാലവും. പണ്ട് അച്ഛന്റെ കൈപിടിച്ച് ഈ കടവത് വരുമ്പോഴും ഈ പുഴ ഇത് പോലെ ഒഴുകുന്നുണ്ടായിരുന്നു. ഇന്ന് അച്ഛന്‍ ഇല്ല, കാലത്തിന്റെ ഒഴുക്ക് പോലെ പുഴ ഇപ്പോഴും ഒഴുക്ക് തുടരുന്നു.
ഒരു നിയോഗം ആയിരുന്നു. അച്ഛന്റെ തൊഴിലിലേക്ക് തന്നെ എത്തിപ്പെടുക എന്നത്. കടത്തുകാരനായ അച്ഛന് അസുഖം കൂടിയപ്പോ ഈ തോണി എന്റെതാവുകയായിരുന്നു. നല്ല വിദ്യാഭ്യാസവും തൊഴിലും സ്വപ്നം കണ്ടിരുന്ന നാളുകളില്‍ അച്ഛന്റെ രോഗവും കുടുംബത്തിന്റെ അവസ്ഥയും എന്നെ ഈ തോണിയുടെ അമരക്കാരനാക്കി.
പിന്നീടെപ്പോഴോ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി ഈ കടവിനെയും എന്റെ ഈ കൊച്ചു തോണിയേയും. അല്ല അവളോട് തോന്നിയ ഇഷ്ടം എന്നെ കെട്ടിയിടുകയായിരുന്നു ഈ കടവത്ത്. എന്റെ തൊഴിലിനും ഈ കടവിനും ഒരു പുതിയ സൌന്ദര്യം നല്‍കുകയായിരുന്നു അവള്‍ .
അവള്‍ , അങ്ങാടിയില്‍ ചായക്കട നടത്തുന്ന ദിവാകരേട്ടന്റെ ഇളയ മകള്‍ . അവളോട് തോന്നിയ ഇഷ്ടം എന്നെ ഇവിടെ തന്നെ കെട്ടിയിട്ടു. കോളേജില്‍ പോകുന്ന അവളെയും വച്ചുകൊണ്ട് അക്കരയ്ക്കും ഇക്കരയ്ക്കും തോണി തുഴയുന്നത് ഒരു സ്വപ്നം പോലെ ആണ് തോന്നിയിരുന്നത് . അവളില്‍ ഞാന്‍ കണ്ട സൌന്ദര്യം എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഇന്നത്തെ സൂപ്പര്‍ നായിക ഉര്‍വ്വശിയെപോലെ വെളുത്ത നിറമോ, ശോഭനയെ പോലെ ഉയരമോ ഉണ്ടായിരുന്നില്ല. അധികം പൊക്കമില്ലാത്ത, അധികം വണ്ണം ഇല്ലാത്ത അധികം വെളുപ്പില്ലാത്ത്ത ഒരു നാട്ടിന്പുറത്തുകാരി. കാച്ചിയ വെളിച്ചെണ്ണയുടെയോ ക്യുട്ടിക്യൂര പൌടറിന്റെയോ മണമായിരുന്നു അവള്‍ക്ക്. പട്ടു പാവാടകള്‍ അവളുടെ സൌന്ദര്യം ഒന്ന് കൂടി കൂട്ടുന്നു.
നഗരത്തിലൊക്കെ പെണ്‍കുട്ടികള്‍ പുതിയ ഫാഷന്‍ ആയ
ചുരിദാര്‍ എന്ന ഉടുപ്പ് അണിയുന്നു എന്ന് പറയുന്നു. അങ്ങിനെ ഒരു പരിണാമം അവളില്‍ സംഭവിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കുവാന്‍ പോലും സാധിക്കില്ല. അടംഭരങ്ങളില്ലാതെ അവളില്‍ കാണുന്ന ഗ്രാമീണതയെയും നിഷ്കളങ്കതയേയും ആണ് ഞാന്‍ പ്രണയിച്ചത്.
വളരെ നല്ലൊരു സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്തും പറയാനുള്ള സ്വാതന്ത്ര്യവും. പക്ഷെ പിന്നീടെപ്പോഴോ വാക്കുകളുടെ എണ്ണം കുറഞ്ഞു വന്നു. ഒരു അപ്രതീക്ഷിത മൌനം ഞങ്ങള്‍ക്കിടയില്‍ വരുന്നത് ഞാന്‍ തിരിച്ചരിഞ്ഞു. പ്രണയത്തിന്റെ തുടക്കമായിരിക്കാം അത്. എന്നും രാവിലെയും വൈകീട്ടുമുള്ള അവളുടെ സാമീപ്യത്തിനിടയിലെ വേളകള്‍ വിരസമാവാന്‍ തുടങ്ങി. പ്രണയത്തിന്റെ തീവ്രത ഞാന്‍ അറിഞ്ഞു തുടങ്ങിയ നാളുകള്‍ . രാവിലെ പ്രതീക്ഷയോടെ എന്നെ നോക്കുന്ന അവളുടെ കണ്ണുകളില്‍ പ്രണയത്തിന്റെ തിരയിളക്കം ഉണ്ടെന്നു ഞാന്‍ പ്രതീക്ഷിച്ചു. തോണിയിറങ്ങി പോകുമ്പോള്‍ പിറകിലേക്ക് തിരിഞ്ഞു നോക്കി തിരയുന്നത് എന്നെ തന്നെ ആണെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. പക്ഷെ അവളോടുള്ള പ്രണയം തുറന്നു പറയാന്‍ ഞാന്‍ ഭയപ്പെട്ടിരുന്നു. എനിക്കവളോടുള്ള പോലെ ഒരിഷ്ടം അവള്‍ക്കു എന്നോട് ഇല്ല എന്നാണ് മറുപടി എങ്കില്‍ തുഴപോയ തോണി പോലെ എന്റെ ജീവിതം ലക്ഷ്യമില്ലാതെ അലയും എന്ന് എനിക്കുറപ്പായിരുന്നു.
പരീക്ഷകളൊക്കെ കഴിഞ്ഞു കോളേജ് അടച്ച ഒരു അവധിക്കാലം. അന്നും അവളെ കാണാന്‍ പറ്റാത്തതിലുള്ള വിഷമവുമായി രാത്രി വീട്ടിലെത്തി. ഊണ് കഴിഞ്ഞു പത്രം നോക്കുന്നതിനിടയില്‍ ആണ് അമ്മ ഒരു കല്യാണക്കുറി കയ്യില്‍ തന്നിട്ട് പറഞ്ഞു ദിവാകരന്റെ മോള്‍ടെ കല്യാണം ആണ് വരുന്ന പത്താം തീയതി. ഇന്ന് ദിവാകരന്‍ വന്നിട്ട് കല്യാണം വിളിച്ചു. കുറി തന്നിട്ട് പൊയി. നിന്നോടും പ്രത്യേകം പറയാന്‍ പറഞ്ഞു . പിന്നീടും അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. നെഞ്ചില്‍ ഒരു ഇടി വെട്ടിയ പൊലെ. കയ്യിലിരിക്കുന്ന പത്രത്തിലെ അക്ഷരങ്ങള്‍ അനങ്ങുന്ന പൊലെ. ഒന്നും മിണ്ടാതെ മുറിയില്‍ കയറി വാതില്‍ അടച്ചു . കട്ടിലില്‍ കമിഴ്ന്നു കിടന്നൊന്ന് ശബ്ദമുണ്ടാക്കാതെ കരഞ്ഞു. കണ്ണുനീര്‍ കഴുകി കളയാത്ത വേദനകളില്ല എന്നാരോ പറഞ്ഞത് എത്ര ശരിയാണ്. മനസ്സിന്റെ വേദനകളെ എപ്പോഴോ ഉറക്കം കീഴ്പ്പെടുത്തി.
പിറ്റേന്നു എഴുന്നേല്‍ക്കുമ്പോള്‍ മനസ്സിന് വല്ലാത്ത ആശ്വാസം തൊന്നി. മനസ്സിലെ പ്രണയം അവളോട് വെളിപ്പെടുത്തിയ ശേഷം അവളുടെ മറുപടി കേട്ട് നിരാശാ കാമുകനായി നടക്കേണ്ടി വന്നില്ലല്ലോ. അത് വലിയൊരു ആശ്വാസം. ഒരുപക്ഷെ അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ നാട് പോലും വിടേണ്ടി വരുമായിരുന്നില്ലേ. എന്തോ ഭാഗ്യം, അങ്ങിനെ ഒന്നും സംഭവിച്ചില്ല. മനസ്സിലെ വേദനകള്‍ പതിയെ മാഞ്ഞു തുടങ്ങി . ജീവിതം പതിയെ പുഴ പോലെ വീണ്ടും ഒഴുകാന്‍ തുടങ്ങി . പിന്നീട് അവളെ കാണുന്നത് അവളുടെ വിവാഹത്തലേന്നു അതിരാവിലെ അക്കരെയുള്ള ശിവ ക്ഷേത്രത്തില്‍ അവള്‍ തൊഴാന്‍ പോകുമ്പോഴാണ്. അവളെയും കൊണ്ട് അക്കരയ്ക്കു തോണി തുഴയുമ്പോള്‍ പരമാവധി അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ ശ്രമിച്ചു. പക്ഷെ പലപ്പോഴും കണ്ണുകള്‍ അവളുടെ മുഖം പരതി കൊണ്ടിരുന്നു. വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന അവളുടെ മുഖം ഓര്‍മ്മകളെ വീണ്ടും ഉണര്‍ത്തുന്നു. തമ്മില്‍ ഒരു വാക്ക് പോലും മിണ്ടാതെ അക്കരെ കടവില്‍ എത്തി. തോണി ഇറങ്ങിയ അവള്‍ മുഖത്തേക്ക് പോലും നോക്കാതെ വേഗം ക്ഷേത്രത്തിലേക്ക് പോയി.
ചെറിയ കസവ് കരയുള്ള സെറ്റ് സാരി ഉടുത്തു ചന്ദനക്കുറിയും തൊട്ടു കയ്യില്‍ ഇലത്തുണ്ടില്‍ പ്രസാദവുമായി വരുന്ന അവളെ ഇതിനു മുന്‍പ് ഞാന്‍ ഇത്രയും സുന്ദരിയായി കണ്ടിട്ടില്ല. നിസ്സഹായനായ നിര്‍ഭാഗ്യവാനായ എന്നെ ഈശ്വരന്‍ വീണ്ടും പരീക്ഷിക്കയാണോ ... ശാന്തത കൈവരിച്ച മനസ്സ് വീണ്ടും തേങ്ങുവാന്‍ തുടങ്ങുന്നുവോ എന്നൊരു ഭയം. പിടയുന്ന മനസ്സുമായി അവളെയും കൊണ്ട് ഇക്കരയ്ക്ക് തോണി തുഴഞ്ഞു. പഴയതിലും തിളക്കം അവളുടെ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞു. പുതിയ ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുടെയോ അതോ കണ്ണില്‍ പടര്‍ന്ന നനവിന്റെയോ.. ഒന്നും വ്യക്തമാവുന്നില്ല. കടവിലെത്തിയ തോണിയില്‍ നിന്നും മെല്ലെ അവള്‍ കരയിലേക്കിറങ്ങി. മുന്നോട്ടു കുറച്ചു നടന്ന അവള്‍ പതിയെ തിരിഞ്ഞു നിന്ന് എന്നെ പേര് ചൊല്ലി വിളിച്ചു. "എന്തോ" എന്ന് വിളി കേട്ട് അടുത്തേക്ക് ചെന്ന എനിക്ക് അവളുടെ കണ്ണുകളിലെ നനവ് വ്യക്തമായി കാണാന്‍ കഴിഞ്ഞു. അടുത്ത് ചെന്നപ്പോ പെട്ടെന്നുണ്ടായ മൌനം അവള്‍ തന്നെയാണ് ഭേദിച്ചത് . "ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച ചോദ്യവും മറുപടിയായി ഞാന്‍ പറയാന്‍ കരുതി വച്ച വാക്കുകളും ഒരു നീറ്റലായി എന്നും എന്റെ മനസ്സില്‍ ഉണ്ടാവും" ഒപ്പം ഒരു അപേക്ഷയും " നാളെ എന്റെ വിവാഹത്തിന് വരരുത് "
ഒരു കനല്‍ പോലെ കാതിലേക്ക് വീണ വാക്കുകളുടെ അര്‍ഥം മനസ്സില്‍ തെളിഞ്ഞു വരുമ്പോഴേക്കും അവള്‍ അങ്ങകലേക്ക് നടന്നു നീങ്ങികഴിഞ്ഞിരുന്നു . എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. മുന്നില്‍ ഒഴുകുന്നത് പുഴയോ കണ്ണുനീരോ .....
Comments
Post a Comment